Biography







ഡോ. പി. ഗോപാലകൃഷ്ണനമ്പി - ജീവചരിത്രം

ജ്യോതിഷം, വാസ്‌തു, ഗണിതം, രത്‌നശാസ്‌ത്രം, പൂജ, സംസ്‌കൃതം, ഫിസിക്‌സ്‌ മറ്റനേകം ശാസ്‌ത്രങ്ങള്‍, സാഹിത്യം, സംഗീതം എന്നീ മേഖലകളില്‍ അസാമാന്യമായ പ്രാവീണ്യം നേടിയ വ്യക്തിയായിരുന്നു. ഡോ. പി. ഗോപാലകൃഷ്ണനമ്പി .

1945-ല്‍ കോഴിക്കോട്‌ ജില്ലയിലെ ബാലുശ്ശേരി - നന്മണ്ടയില്‍ പാറപ്പുറത്ത്‌ ഇല്ലത്ത്‌ ജനിച്ചു. 


അച്ഛന്‍ വാസുദേവനമ്പി, അമ്മ സുഭദ്രമനയമ്മ. സംസ്‌കൃതവും, ജ്യോതിഷവും അച്ഛന്റെ അടുത്ത്‌ നിന്ന്‌ അഭ്യസിച്ച ഗോപാലകൃഷ്‌ണന്‍ 1965-ല്‍ മലബാര്‍ കൃസ്‌ത്യന്‍ കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിന്‌ ശേഷം ക്രിസ്‌ത്യന്‍ കോളേജിലും, ഫറോക്ക്‌ കോളേജിലും ട്യൂട്ടര്‍ ആയി ജോലി ചെയ്‌തു. പിന്നീട്‌ റീജ്യണല്‍ എഞ്ചി
നീയറിംഗ്‌ കോളേജില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചെങ്കിലും, ഫിസിക്‌സ്‌ എന്ന ശാസ്‌ത്രവിഭാഗത്തോടുള്ള താല്‌പര്യം അദ്ദേഹത്തെ ബറോഡയിലെ (ഗുജറാത്ത്‌) സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ സര്‍വ്വകലാശാലയില്‍ കൊണ്ടുചെന്നെത്തിച്ചു. അവിടെ നിന്ന്‌ ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ ഗോപാലകൃഷ്‌ണന്‍ പിന്നീട്‌, താന്‍ പഠിച്ച കലാലയത്തില്‍ തന്നെ ഫിസിക്‌സ്‌ വകുപ്പില്‍ ലെക്‌ചറര്‍ ആയി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
 
ഫിസിക്‌സിനോടുള്ള തന്റെ അഭിനിവേശത്തെപ്പറ്റി പില്‌ക്കാലത്ത്‌ അദ്ദേഹം തന്നെ ഇങ്ങനെ പറയാറുണ്ടായിരുന്നു. പഠിക്കുമ്പോള്‍ പലരും തന്നോടു ചോദിച്ചിട്ടു്‌ - എന്തിനാണ്‌ ഫിസിക്‌സ്‌ പഠിക്കുന്നത്‌? അത്‌ പഠിച്ചിട്ട്‌ എന്ത്‌ നേടാനാണ്‌?പ്രീഡിഗ്രിക്കും മറ്റും ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടിയത്‌ മാത്തമാറ്റിക്‌സിലാണ്‌.
ഫിസിക്‌സില്‍ അത്രയൊട്ടില്ലതാനും. മാര്‍ക്ക്‌ കുറവുള്ള വിഷയമല്ലേ ഒരു വിദ്യാര്‍ത്ഥി കൂടുതല്‍ പഠിക്കേത്‌. മാത്രവുമല്ല മാത്‌സ്‌ എന്നത്‌ ഫിസിക്‌സിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. അതിനപ്പുറവും ഫിസിക്‌സ്‌ എന്ന വിഷയത്തിന്‌ വ്യാപ്‌തിയുണ്ട്‌ എന്ന തിരിച്ചറിവാണ്‌ പിന്നീട്‌ 1980 ല്‍ 'The Interpretational Problem in Quantum Mechanics'എന്ന വിഷയത്തെ അധികരിച്ച്‌ കോഴിക്കോട്‌ സര്‍വ്വകലാശാലയിലെ തന്നെ ഏറ്റവും ആദ്യത്തെ പിഎച് ഡി തിസീസ്‌ സമര്‍പ്പിക്കാന്‍ പ്രചോദനമായത്‌. പഠിക്കുന്നകാലത്ത്‌ ഇതിന്റെ പ്രയോജനം ഒന്നും തന്നെ ചിന്തിച്ചിട്ടില്ലായിരുന്നു. ഏതു വിഷയത്തിലായാലും ശരി സത്യസന്ധമായ പരിശ്രമം എപ്പോഴും വിജയം നേടിത്തരും എന്ന്‌
അദ്ദേഹം പറയുമായിരുന്നു.

പിന്നീട്‌ അദ്ദേഹം തന്റെ ഗൈഡ്‌ ഡോ. വി. കെ.തങ്കപ്പനോടൊപ്പം ചേര്‍ന്ന്‌ എഴുതിയ 'A modified Set of Feynmann Postulates in Quantum Mechanics' എന്ന ലേഖനം  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Foundation of Physics എന്ന സ്ഥാപനം പുറത്തിറക്കിയ Feynmann Lectures പുസ്‌തകത്തിലെ ഒരധ്യായമായി പ്രസിദ്ധീകരിച്ചു വന്നു.
 
ജ്യോതിഷത്തില്‍ സിദ്ധാന്തവും, പ്രയോഗവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. 1988 - 90 കാലഘട്ടങ്ങളില്‍ Indian National Science Academy യുടെ കീഴില്‍ 'Edition and English Translation of Sadratnamala' എന്ന വിഷയത്തില്‍ Project Associate ആയി ജോലി ചെയ്‌തു. ആ പ്രൊജക്‌ടില്‍ അദ്ദേഹത്തോടൊപ്പം സഹകരിച്ചത്‌ ഡോ. കെ. വി. ശര്‍മ്മയായിരുന്നു. അതേ കാലഘട്ടത്തില്‍ തന്നെ ജാതകം കമ്പ്യൂട്ടര്‍ മുഖേന ഗണിക്കാന്‍ കഴിയുന്ന software നിര്‍മ്മിക്കാന്‍ സാധിച്ചു എന്നുള്ളത്‌ അദ്ദേഹത്തിന്റെ വലിയൊരു നേട്ടമാണ്‌.കൊണ്ടു നടക്കാന്‍ സൗകര്യമുള്ള mini computer ലും അങ്ങിനെ ചെയ്യാന്‍ സാധിച്ചിരു
ന്നു. കേരളത്തിന്റെ നാനാഭാഗത്തുനിന്നുള്ള ജ്യോതിഷികളും അത്തരത്തിലുള്ള കമ്പ്യൂട്ടര്‍ അന്ന്‌ വാങ്ങിയിട്ടുണ്ടായിരുന്നു. ജ്യോതിഷ സോഫ്‌ട്‌വെയര്‍ കയറ്റാന്‍ പറ്റുന്ന Laptop ുകള്‍ ഇറങ്ങിയ ഈ കാലഘട്ടങ്ങളിലും പല പ്രഗല്‌ഭ ജ്യോത്സ്യന്‍മാരും അന്ന്‌ വാങ്ങിയ കമ്പ്യൂട്ടറുകള്‍ ഒരു കേടുപാടും കൂടാതെ ഇപ്പോഴും ഉപയോഗിക്കുന്നു്‌ എന്നുള്ളത്‌ ഒരു വസ്‌തുതയാണ്‌.
 
 1973 ല്‍ തൊട്ടിപ്പാള്‍ കൈപ്പിള്ളി ഇല്ലത്ത്‌ കൃഷ്‌ണന്‍ നമ്പൂതിരിയുടെ മകള്‍ ലതികയെ വിവാഹം കഴിച്ചു. രണ്ടു ആണ്‍കുട്ടികള്‍ ആണ്‌ - നവനീത്‌ കൃഷ്‌ണന്‍, സുദേവ്‌
കൃഷ്‌ണന്‍. 
സംസ്‌കൃതത്തിലും മലയാളത്തിലും ഒക്കെത്തന്നെ കവിതകള്‍ എഴുതാറുണ്ടായിരുന്നുവെങ്കിലും ഒന്നും പ്രസിദ്ധീകരിക്കാന്‍ വലിയ താല്‌പര്യമില്ലായിരുന്നു.
 

കേരളത്തിനകത്തും പുറത്തുമുള്ള വേദികളില്‍ പല വിഷയങ്ങളിലും സെമിനാറുകള്‍ അവതരിപ്പിച്ച ഇദ്ദേഹം ഗണിതശാസ്‌ത്രത്തിലെ ഒരപൂര്‍വ്വവ്യക്തിത്വമായ ശ്രീനിവാസരാ
മാനുജനെപ്പറ്റി, അദ്ദേഹത്തിന്റെ സ്‌മരണാര്‍ത്ഥം 'The Association of
Mathematics teachers of India'
പ്രസിദ്ധീകരിച്ച journal ല്‍ ഒരു ലേഖനം എഴുതുകയുണ്ടായി.

ഫിസിക്‌സിലെ ഒരു വിഭാഗമായ Semi-conductor crystals എന്ന വിഷയത്തെ അവലംബിച്ച്‌, നവരത്‌നങ്ങളെപ്പറ്റിയും, അവയുടെ ഉപരത്‌നങ്ങളെപ്പറ്റിയും, അവയ്‌ക്ക്‌ നവഗ്രഹങ്ങളുമായുള്ള ബന്ധത്തെപ്പറ്റിയും കൂടുതല്‍ മനസ്സിലാക്കിയ ഇദ്ദേഹം പല
പ്രമുഖ ജ്വല്ലറികളുടെയും അംഗീകൃത Gem-consultant ആയിരുന്നു. ആയുര്‍വ്വേദത്തില്‍ ഇത്‌ രസ ചികിത്സയുടെ പരിധിയില്‍ വരുന്നതാണ്‌. അത്‌കൊണ്ട് ആ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ഗ്രാഹ്യം പരിഗണിച്ച്‌, കേരളിയ ആയുര്‍വ്വേദസമാജം അവരുടെ
ഡോക്‌ടര്‍മാരുടെ പാനലില്‍ ഒരംഗമായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.
ആകാശവാണിയിലും മറ്റും സംസ്‌കൃത്തിലും, ഫിസിക്‌സിലും മറ്റു ശാസ്‌ത്രവിഷയങ്ങളിലും ഒക്കെത്തന്നെ ധാരാളം പ്രഭാഷണങ്ങള്‍ നടത്തിയ അദ്ദേഹം അതിനുപുറമെ ഒരുപാട്‌ സംഗീതകൃതികളും രചിച്ചിട്ടുണ്ട്‌.





എല്ലാതരത്തിലും പണ്‌ഡിതന്‍ എന്ന പേരിന്നര്‍ഹനായ ഈ വ്യക്തിപ്രഭാവം അസ്‌തമിച്ചത്‌ 2004 ഏപ്രില്‍ 14ന്‌ ഒരു വിഷുദിനം പുലര്‍ച്ചയോടെയായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു.

അറിവ്‌ തിരകളായുതിര്‍ന്നൊരാഴി-
ക്കകമെ നിനച്ചദിശക്ക്‌ പോയവന്‍ തന്‍
ചിതയിലുടല്‍ ദഹിച്ചിടുമ്പൊഴും പു-
ഞ്ചിരി മറയാതുളവായി നെഞ്ചിലെങ്ങും.

No comments:

Post a Comment